ചണ്ഡീഗഡ്: ബലോദബസാർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളടക്കം 11 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മെയ് 31ന് പാലാരി പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തുവന്നത്. കുറ്റകൃത്യത്തെക്കുറിച്ച് പരാതിപ്പെടാൻ ഇരകളിലൊരാൾ വനിതാ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. 14 ഉം 16 ഉം വയസുള്ള പെണ്‍കുട്ടികള്‍ രണ്ട് പുരുഷസുഹൃത്തുക്കളുമായി യാത്രയ്ക്ക് ഇറങ്ങിയപ്പോള്‍ എട്ട് പ്രതികൾ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് വെച്ച് ഇവരെ തടയുകയായിരുന്നുവെന്ന് ബലോദബസാർ പൊലീസ് സൂപ്രണ്ട് ഇന്ദിരാ കല്യാൺ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെയും സുഹൃത്തുക്കളെയും പ്രതികള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ആക്രമണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ബലാത്സംഗത്തെക്കുറിച്ച് ഇരകളിലൊരാൾ വനിതാ ഹെൽപ്പ് ലൈനിനെ അറിയിക്കുകയും ലൈംഗിക ചൂഷണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരകളെ ബ്ലാക്ക് മെയിൽ ചെയ്തയാൾ, പെൺകുട്ടികളുടെ രണ്ട് പുരുഷ സുഹൃത്തുക്കൾ എന്നിവരും അറസ്റ്റിലായി. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ ബന്ധുവാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.