റായ്‌പൂര്‍: ചത്തീസ്‌ഗണ്ഡിലെ ബിജാപൂർ ജില്ലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ ഭർത്താവിനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. ബിജാപൂർ മേഖലയിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴായിരുന്നു സംഭവം. മുൻ അസിസ്റ്റന്‍റ് കോൺസ്റ്റബിളായ ബൽദേവ് തതിയെ തിങ്കളാഴ്ച ഉച്ചയോടെ ഗംഗലൂർ പോലീസ് സ്റ്റേഷൻ പരിസരത്തെ കടേനാർ ഗ്രാമത്തിന് സമീപത്ത് നിന്നാണ് തട്ടികൊണ്ടുപോയത്. തുടർന്ന് ഇന്ന് പുലർച്ചെ കടേനാർ-പദ്‌മൂര്‍ റോഡിൽ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ദീർഘനാളായി സർവീസിൽ നിന്ന് അവധിയായിരുന്ന തതിയെ അസിസ്റ്റന്‍റ് പൊലീസ് കോൺസ്റ്റബിൾ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കടേനാർ പഞ്ചായത്തിലെ സർപഞ്ച് തസ്തികയിലേക്ക് മത്സരിക്കുന്ന ഭാര്യയ്ക്കായി ഇയാൾ പ്രചാരണം നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ 57 ബ്ലോക്കുകളിലായി 4,847 ഗ്രാമപഞ്ചായത്തുകളിൽ ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ബസ്തർ ഡിവിഷനിലെ വിവിധ ഗ്രാമങ്ങളിൽ മാവോയിസ്റ്റുകള്‍ അടുത്തിടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന പോസ്റ്ററുകൾ പതിച്ചിരുന്നു. തുടർന്ന് പോളിങ് ബൂത്തുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തുകയും സമീപത്തെ വനങ്ങളിൽ പട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു.