ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടയിൽ ചില സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ. കൊവിഡ് 19 നെതിരായ പോരാട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഡോ. ഹർഷ് വർധൻ പ്രസ്താവനയിൽ തുറന്നുകാട്ടി. കേന്ദ്രവും സംസ്ഥാനവും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ലെന്നും കൊവിഡിനെതിരെ ഇരുവരും ഒറ്റക്കെട്ടായി പോരാടുകയാണെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അദ്ദേഹം പരോക്ഷമായി കുറ്റപ്പെടുത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊവിഡ് 19 കേസുകൾ വർധിച്ചതിനെ തുടർന്ന് ഡൽഹി സർക്കാരിന്‍റെ കൊവിഡ് സമീപനം വിമർശനത്തിന് വിധേയമായിരുന്നു. കൂടാതെ കൊവിഡ് 19 നെതിരെ പോരാടാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്‍റെ സമീപനത്തെച്ചൊല്ലിയും വിമർശനമുയർന്നിരുന്നു. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് 19 കേസുകൾ വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്‍റെ പ്രസ്താവന.