ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കാനുള്ള കാരണം സമൂഹവ്യാപനമാണെന്ന് മനസിലായിട്ടും അത് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് വൈകുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. 'ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് ബാധിതരുടെ എണ്ണം നോക്കിയാല്‍ മനസിലാകും, പലതും എങ്ങനെ വ്യാപിക്കുന്നു, എവിടെ നിന്ന് പടരുന്നു, ഉറവിടം എന്താണ് എന്നൊന്നും പലപ്പോഴും കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇതെല്ലാം സമൂഹവ്യാപനമായി കണക്കാക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു. എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ അദ്ദേഹത്തിന്‍റെ നിഗമനത്തില്‍ ഡല്‍ഹിയില്‍ സമൂഹവ്യാപനമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത് സമ്മതിക്കാന്‍ കേന്ദ്രം തയ്യാറാല്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.
'ഡല്‍ഹിയിൽ സമൂഹവ്യാപനം ഉണ്ടെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. എന്നാൽ കേന്ദ്രം ഇത് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഞങ്ങൾക്ക് ഇത് പ്രഖ്യാപിക്കാൻ കഴിയില്ല, പ്രഖ്യാപനം കേന്ദ്രത്തിന്‍റേതാണ്. എപ്പിഡെമിയോളജിയിൽ നാല് ഘട്ടങ്ങളുണ്ട്, അതിൽ മൂന്നാം ഘട്ടം സമൂഹ വ്യാപനമാണ്...' ഡല്‍ഹിയില്‍ സമൂഹ വ്യാപനം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍റെ മറുപടി ഇതായിരുന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.
ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത പകുതിയോളം കേസുകള്‍ സമൂഹവ്യാപനമാണെന്നും, ചികിത്സക്കെത്തുന്നവര്‍ക്ക് പലപ്പോഴും ഉറവിടം അറിയില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.