ന്യൂഡല്‍ഹി: മദ്യം വിൽക്കാൻ അനുമതി നല്‍കണമെന്ന പഞ്ചാബ് സര്‍ക്കാരിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. സാമൂഹ്യ അകലം പാലിച്ചുള്ള മദ്യ വില്‍പനക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഭ്യന്തര മന്ത്രി അമിത്‌ഷായ്‌ക്ക് കത്തയച്ചിരുന്നു. മദ്യ ഷോപ്പുകൾ തുറക്കാൻ അനുവദിക്കുകയോ അല്ലെങ്കില്‍ ഹോം ഡെലിവറി വഴി മദ്യം വില്‍ക്കാനുള്ള അനുമതിയോ നല്‍കണമെന്നും പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
മെയ് മൂന്ന് വരെയുള്ള ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിന്‍റെ വരുമാനം കുത്തനെ കുറഞ്ഞു. മദ്യവിൽപനയിൽ നിന്ന് പ്രതിമാസ വരുമാനം 550 കോടി രൂപയാണ് പഞ്ചാബ് സര്‍ക്കാരിന് ലഭിച്ചിരുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം മദ്യം, പുകയില, ഗുഡ്ക തുടങ്ങിയവയുടെ വിൽപന നിയന്ത്രിച്ചിരുന്നു. അതേസമയം നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്തിയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് മദ്യ വില്‍പനക്കുള്ള അനുമതി വീണ്ടും നിഷേധിച്ചു.
കൊവിഡ് 19 കണക്കിലെടുത്ത് ഏപ്രിൽ മാസത്തിൽ 3,000 കോടി രൂപ ഇടക്കാല ആശ്വാസമായി നൽകണമെന്നും പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനങ്ങളെ കരകയറ്റാൻ മൂന്ന് മാസത്തെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും 15-ാമത് ധനകാര്യ കമ്മിഷന്‍റെ അന്തിമ റിപ്പോര്‍ട്ട് 2021 ഒക്ടോബർ വരെ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.