ന്യൂഡൽഹി: കൊവിഡ് ടെസ്റ്റ് റിപ്പോർട്ടുകള്‍ നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ച ലബോറട്ടറികൾ 24 മണിക്കൂറിലധികം സമയമെടുക്കുന്നുവെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കൊവിഡ് ഫലം മണിക്കൂറുകൾക്കുള്ളിൽ ഈ ലബോറട്ടറികളിൽ അറിയാൻ സാധിക്കുമെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വാഗ്‌ദാനമെന്നും മന്ത്രി പറഞ്ഞു. കാലതാമസം സംബന്ധിച്ച വിഷയം കേന്ദ്രത്തെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെയും അറിയിച്ചട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നവംബർ 30 നകം ഡൽഹിയിൽ ടെസ്റ്റുകൾ പ്രതിദിനം 60,000 ആക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉറപ്പു നൽകിയിരുന്നുവെന്നും ലാബുകൾ കൃത്യ സമയത്ത് റിപ്പോർട്ട് നൽകിയാൽ ഇത് നടപ്പാകുമായിരുന്നവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഡൽഹിയിൽ പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിങ്കളാഴ്‌ച്ച സംസ്ഥാനത്ത് 3,726 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്തെ മരണ നിരക്ക് നിലവിൽ 1.61 ശതമാനമാണ്. ആർടി -പിസിആർ ടെസ്റ്റുകളുടെ പരിശോധന നിരക്ക് 800 രൂപയായി കുറച്ചതായും മന്ത്രി പറഞ്ഞു.