കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബുൾബുൾ ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയ ജില്ലകൾ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. 24 പര്‍ഗനാസ്, പൂർബ മിഡ്‌നാപൂർ ജില്ലകളിലാണ് കേന്ദ്ര സംഘം എത്തിയത്. കേന്ദ്രസർക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ നിന്നുമെത്തിയ ഉദ്യോഗസ്ഥർ ജില്ലാ മജിസ്‌ട്രേറ്റ്, പഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 14 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 50,000 കോടി രൂപയുടെ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ദുരന്തബാധിതപ്രദേശങ്ങൾ സന്ദര്‍ശിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. 15 ലക്ഷത്തോളം ഹെക്‌ടര്‍ കൃഷിഭൂമി നശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആറ് ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. അഞ്ച് ലക്ഷത്തിലധികം വീടുകൾ തകര്‍ന്നു. ബംഗാളിലെ സാഗർ ദ്വീപുകൾക്കും ബംഗ്ലാദേശിലെ ഖേപുപരക്കുമിടയിലെ മണ്ണിടിച്ചിലുമുണ്ടായി. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിനായി സംസ്ഥാന സർക്കാർ മൂന്ന് ജില്ലകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മമതാ ബാനര്‍ജി അറിയിച്ചു.