കൊൽക്കത്ത: ശാരദ, റോസ് വാലി, നാരദ അഴിമതികളുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ സിബിഐ സ്ഥലം മാറ്റി . നാരദ കേസ് അന്വേഷിച്ച സിബിഐ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രഞ്ജിത് കുമാർ , ശാരദ അഴിമതി കേസ് അന്വേഷണത്തിലുൾപ്പെട്ട ഡിഎസ്‌പി തദാഗത ബർദാൻ , റോസ് വാലി കേസ് അന്വേഷിക്കുന്ന ഡിഎസ്‌പി ചോജോം ഷെർപ , മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ബ്രാറ്റിൻ ഘോഷൽ എന്നിവരെയാണ് സ്ഥലം മാറ്റിയതെന്ന് സിബിഐ വക്താവ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് പതിവ് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നാണ് സിബിഐയുടെ വിശദീകരണം . രഞ്ജിത് കുമാറിനെയും ബർദാനെയും ന്യൂഡൽഹിയിലേക്ക് മാറ്റിയപ്പോൾ ഷെർപയെ ഭുവനേശ്വറിലേക്കാണ് മാറ്റിയത്. ഈ മാസം ആദ്യമാണ് കേന്ദ്ര അന്വേഷണ ഏജൻസി ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ അഭയ് സിംഗിനെ കൊൽക്കത്തയിലെ പ്രത്യേക ക്രൈംബ്രാഞ്ചിൽ നിന്ന് ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്ക് മാറ്റിയത്.