ന്യൂഡല്‍ഹി: വ്യാജ ബില്ലുകള്‍ നിര്‍മിച്ച നാല് നാവികസേന ഉദ്യോസ്ഥര്‍ക്കും മറ്റ് പതിനാല് പേര്‍ക്കുമെതിരെ കേസെടുത്ത് സിബിഐ. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് ഐ.ടി ഹാര്‍ഡ്വെയറുകള്‍ വിതരണം ചെയ്തതിന്‍റെ പേരില്‍ 6.76 കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതിനാണ് കേസെടുത്തത്. ക്യാപ്റ്റൻ അതുൽ കുൽക്കർണി, കമാൻഡർമാരായ മന്ദർ ഗോഡ്‌ബോലെ, ആർ.പി ശർമ, പെറ്റി ഓഫീസർ കുൽദീപ് സിങ് ബാഗേൽ എന്നിവര്‍ക്കെതിരെയാണ് കേസ്. 6.76 കോടി രൂപയുടെ ഏഴ് വ്യാജ ബില്ലുകൾ ഇവര്‍ തയ്യാറാക്കിയതായാണ് ആരോപണം.
നാവികസേനയിലെ മറ്റ് ഉദ്യോഗസ്ഥരെ കബിളിപ്പിക്കല്‍, പൊതുജനങ്ങളുട പണം തട്ടിയെടുക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സിബിഐ വിശദമായി അന്വേഷണം നടത്തി. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് സംഘം വ്യാജ ബില്ലുകള്‍ നിര്‍മിച്ചത്. ബില്ലുകളിൽ പ്രതികള്‍ പരാമർശിച്ചിരിക്കുന്ന ഇനങ്ങളൊന്നും വെസ്റ്റേൺ നേവൽ കമാൻഡിന് നൽകിയിട്ടില്ല. ബില്ലുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ അതായത് സാമ്പത്തിക അനുമതി, വാങ്ങൽ ഓർഡറുകൾ, രസീത് വൗച്ചറുകൾ തുടങ്ങിയവയും ആസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്നും സിബിഐ എഫ്‌ഐആറില്‍ പറയുന്നു. സ്വകാര്യ കമ്പനികളായ സ്റ്റാർ നെറ്റ്‌വർക്ക്, എസിഎംഇ നെറ്റ്‌വർക്കുകൾ, സൈബർസ്‌പേസ് ഇൻഫോവിഷൻ, മോക്സ് ഇൻഫോസിസ് എന്നിവ കൂടാതെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ടിലെ നാല് ഉദ്യോഗസ്ഥരെയും സിബിഐ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.