കൊല്‍ക്കത്ത: നാരദാ സ്റ്റിങ് ഓപ്പറേഷന്‍ കേസില്‍ ഐപിഎസ് ഓഫീസര്‍ എസ്എംഎച്ച് മിര്‍സയെ സിബിഐ അറസ്റ്റുചെയ്‌തു. നാരദാ കേസിലെ ആദ്യ അറസ്റ്റാണ് മിര്‍സയുടേത്.
നാരദാ ന്യൂസ് പോര്‍ട്ടല്‍ ഒളിക്യാമറ ഓപ്പറേഷൻ നടത്തുമ്പോള്‍ പശ്ചിമ ബംഗാളിലെ ബര്‍ദ്വാൻ ജില്ലയില്‍ എസ്‌പി ആയിരുന്നു മിര്‍സ. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ബിസിനസുകാരില്‍ നിന്ന് പണം കൈപ്പറ്റുന്ന മിര്‍സയുടെ ചിത്രം ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയിയുടെയും മുന്‍ മന്ത്രി മദൻ മിത്രയുടേയും ശബ്ദ സാംപിളുകള്‍ സിബിഐ പരിശോധിച്ചിരുന്നു.
2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാരദാ ന്യൂസ് സിഇഒ ആയ മാത്യു സാമുവലിന്‍റെ നേതൃത്വത്തിലായിരുന്നു സ്റ്റിങ് ഓപ്പറേഷന്‍ നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടേയും മന്ത്രിമാരുടേയും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് വന്നത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് സംഭാവന വാങ്ങുന്നതാണ് ചിത്രങ്ങളിലുള്ളതെന്നായിരുന്നു അന്ന് മമതാ ബാനര്‍ജി നല്‍കിയ വിശദീകരണം. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സ്റ്റിങ് ഓപ്പറേഷന്‍ നടന്നത്.