തെലങ്കാന: ഹൈദരാബാദിൽ ആറ് പേരടങ്ങുന്ന മലേഷ്യന്‍ സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിസ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന മതയോഗത്തിൽ പങ്കെടുത്തതിനെക്കുറിച്ചും നഗരത്തിൽ താമസിക്കുന്നതിനെക്കുറിച്ചും അധികൃതരോട് വെളിപ്പെടുത്തിയില്ല എന്നീ കാര്യങ്ങള്‍ ആരോപിച്ചുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി വകുപ്പുകൾ, പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം, വിദേശികളുടെ നിയമം, ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങളുടെ ലംഘനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ആറ് മലേഷ്യക്കാർ കഴിഞ്ഞ മാസം ടൂറിസ്റ്റ് വിസയിലാണ് ഹൈദരാബാദിൽ എത്തിയത്. പിന്നീട് ഇവർ ഡൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് മതയോഗത്തിൽ പങ്കെടുത്തു. പിന്നീട് ഹൈദാരാബാദിൽ തിരിച്ചെത്തിയ ഇവർ അധികാരികളെ വിവരം അറിയിച്ചില്ല. ഒരാഴ്ചക്ക് മുമ്പ് പൊലീസ് സംഘം എത്തിയാണ് ഇവരെ സർക്കാർ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്.
നിസാമുദീൻ ജമാ അത്തിൽ പങ്കെടുത്തവരോട് സ്വമേധയാ മുന്നോട്ട് വന്ന് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകണമെന്ന് തെലങ്കാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് പരിശോധന നൽകാനും സൗജന്യ ചികിത്സ നൽകാനും സർക്കാർ തയ്യാറാണെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിസാമുദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത ആറ് പേരാണ് സംസ്ഥാനത്ത് മരിച്ചത്. കഴിഞ്ഞ മാസം ഡൽഹിയിലെ തബ്‌ലീദ് ജമാ അത്ത് യോഗത്തില്‍ പങ്കെടുത്ത കരിംനഗർ ജില്ല സന്ദർശിച്ച 10 ഇന്തോനേഷ്യക്കാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.