വാഷിങ്ടണ്‍: ഹോസ്റ്റണില്‍ നടക്കാനിരിക്കുന്ന 'ഹൗഡി മോദി' പരിപാടിയുടെ ഭാഗമായി 22ന് എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ കാര്‍ റാലി നടത്തി. 200ല്‍ കൂടുതല്‍ കാറുകള്‍ റാലിയില്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. "നമോ എഗൈന്‍" എന്ന മുദ്രാവാക്യവുമായാണ് സംഘാടകര്‍ പരിപാടിക്ക് തയ്യാറായിരിക്കുന്നത്. പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് നേരത്തെ വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഇന്ത്യയുടെയും അമേരിക്കയുടേയും ദേശീയ പതാകകള്‍ പ്രദര്‍ശിപ്പിച്ചാണ് കാറുകള്‍ റാലിയില്‍ പങ്കെടുക്കക. മറ്റൊരു രാജ്യത്തിലെ പ്രതിനിധിക്ക് അമേരിക്കയില്‍ ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പാണിത്. ടെക്സസിലെ ഏറ്റവും വലിയ സ്റ്റേഡിയമായ എന്‍ ആര്‍ ജി സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. 400 കലാകാരന്മാര്‍ ചേര്‍ന്ന് 90 മിനുട്ട് നീണ്ടു നില്‍ക്കുന്ന സാംസ്കാരിക പരിപാടിയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആഴ്ച്ചത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച്ച അമേരിക്കയിലെത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന 74മത് യു.എന്‍ പൊതു അസംബ്ലിയിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയിലേക്ക് മോദി ട്രംപിനെ ക്ഷണിച്ചിട്ടുണ്ട്.