പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പ്രചരണം തിങ്കളാഴ്ച അവസാനിക്കും. ബിജെപി, ജനതാദൾ എന്നിവരടങ്ങുന്ന എൻഡിഎ, രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ് എന്നീ പാർട്ടികൾ ഉൾപ്പെടുന്ന ഇടതുപക്ഷവും തെരഞ്ഞെടുപ്പിൽ നേർക്കുനേർ വരും. ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്‍റെ അവസാന ദിവസമായതിനാൽ ഇരു സഖ്യങ്ങളിലെയും ഉന്നത നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കുന്നതിനായുള്ള ശ്രമം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച റാലികളെ അഭിസംബോധന ചെയ്തു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 1,066 സ്ഥാനാർത്ഥികളുടെ വിധി 2,14,6,960 വോട്ടർമാർ തീരുമാനിക്കും.
മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്‍റുമായ നിതീഷ് കുമാറാണ് എൻഡിഎയുടെ മുഖ്യമന്ത്രി മുഖം. ബിജെപി ദേശീയ പ്രസിഡന്‍റ് ജെ. പി. നദ്ദ, ആർജെഡി നേതാവ് തേജശ്വി യാദവ്, ലോക് ജനശക്തി പാർട്ടി മേധാവി ചിരാഗ് പാസ്വാൻ തുടങ്ങി നിരവധി വൻകിട നേതാക്കൾ ഇന്ന് തങ്ങളുടെ പാർട്ടിക്കും സഖ്യകക്ഷികൾക്കും അനുകൂലമായി തെരഞ്ഞെടുപ്പ് റാലികൾ നടത്തും. ഒക്ടോബർ 28ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങൾ വോട്ടെടുപ്പിലേക്ക് പോകുകയും 31,000 പോളിങ്ങ് സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു. നക്സൽ ബാധിത പ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജെഡിക്കും ബിഹാറിലെ സഖ്യകക്ഷികൾക്കുമെതിരെ ശക്തമായ വിമർശനം നടത്തി. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും മുത്തലാഖിനെതിരായ നിയമവും ഉൾപ്പെടെ എൻഡിഎ സർക്കാരിന്‍റെ നേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി.
അതേസമയം, തൊഴിലില്ലായ്മ, കിഴക്കൻ ലഡാക്കിൽ ചൈന നടത്തിയ അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി എൻഡിഎ സർക്കാരിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ഒരു മാറ്റത്തിനായി കൊതിക്കുകയാണ്. നിലവിലെ സർക്കാർ വ്യവസായികളുടെ പ്രയോജനത്തിനായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.