ന്യൂഡൽഹി: അടിയന്തര വൈദ്യ സഹായങ്ങള്‍ക്കായി മൊബൈല്‍ ആപ്പ് വഴി സൗജന്യ ഓണ്‍ലൈന്‍ പരിശോധനയുമായി ഡല്‍ഹി സര്‍ക്കാര്‍. 24 മണിക്കൂറും രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന തരത്തിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. കോള്‍ഡോക്ക് എന്നാണ് ആപ്പിന്‍റെ പേര്. നൂറിലധികം ഡോക്ടര്‍മാരാണ് സൗജന്യമായ പരിശോധന നടത്താന്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുകയെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഏറെ ഗുണം ചെയ്യും. നൂറ് ഡോക്ടര്‍മാരും ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. ഡല്‍ഹി മെഡിക്കൽ കൗൺസിലുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളവരെയും ഡല്‍ഹി സര്‍ക്കാരിന്‍റെ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ് (യുസിഎംഎസ്), മൗലാന ആസാദ് മെഡിക്കൽ കോളജ് (എംഎഎംസി) എന്നിവിടങ്ങളിലെ ഡോക്ടർമാരും ഇതില്‍ ഉണ്ട്.
പ്രധാന ആശുപത്രികളെല്ലാം കൊവിഡ് രോഗത്തിന് ചികിത്സിക്കുന്ന ആശുപത്രികളായി മാറ്റിയതുകൊണ്ട് മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ആശുപത്രിയില്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി. അത്തരം സാഹചര്യങ്ങളിലാണ് ഈ ആപ്പ് ജനങ്ങള്‍ക്ക് ഉപകാരപ്പെടുക. ഓങ്കോൾ മെഡി കെയർ പ്രൈവറ്റ് ലിമിറ്റഡ് ഈ ആപ്പ് പുറത്തിറക്കിയത്. ഉപഭോക്താവിന് വീഡിയോ വഴിയോ ചാറ്റിങ് ചെയ്തോ ഡോക്ടറുമായി സംസാരിക്കാം. രോഗികള്‍ക്ക് അവരുടെ മുമ്പുള്ളതും പുതിയതുമായ പരിശോധനാ ഫലങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. ഇത് പരിശോധിച്ചതിന് ശേഷം പ്രിസ്ക്രിപ്ഷനുകള്‍ ഡോക്ടര്‍മാര്‍ രോഗിക്ക് തിരിച്ച് അയച്ചു നല്‍കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത ശേഷം ഡോക്ടറെ തെരഞ്ഞെടുക്കാം. കണ്‍സള്‍ട്ടേഷന്‍റെ ഉദ്ദേശ്യവും വ്യക്തമാക്കണം. അരുണ്‍ ദാഗര്‍ ആണ് ഈ ആപ്പിന്‍റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവും.