മുംബൈ: കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയുടെ മരണത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കഫേ കോഫി ഡേയില്‍ പുതിയ നീക്കങ്ങള്‍. റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എസ് വി രംഗനാഥിനെ ഇടക്കാല ചെയര്‍മാനായി ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. നിലവില്‍ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറാണ് എസ് വി രംഗനാഥ്. സിദ്ധാര്‍ഥ ചെയ്തിരുന്ന ജോലികള്‍ നിര്‍വഹിക്കാന്‍ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും ഡയറക്ടര്‍ ബോര്‍ഡ് ചുമതലപ്പെടുത്തി. ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിഥിന്‍ ബാഗമാനയെയും നിയമിച്ചു.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനുമായ സിദ്ധാര്‍ഥിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. മംഗലൂരുവിന് അടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്ന് തിങ്കളാഴ്ച രാത്രിയാണ് കാണാതായത്. തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മംഗലൂരുവിന് സമീപം ഒഴികൈ ബസാറില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. അതേ സമയം കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ഥ അവസാനമായി എഴുതി എന്ന് പറയപ്പെടുന്ന കത്തിലെ ഒപ്പ് വ്യാജമാണെന്ന സൂചനയില്‍ അന്വേഷണം തുടരുകയാണ്.