ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്ന് മാലിദ്വീപ് സ്‌പീക്കര്‍ മുഹമ്മദ് നഷീദ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാനാധിപത്യത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്‍റിലെ രണ്ട് സഭകളും ചേര്‍ന്നാണ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. അതിനാല്‍തന്നെ വിഷയത്തില്‍ പുറത്തു നിന്നൊരു അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും മാലി ദ്വീപിന്‍റെ മുന്‍ പ്രസിഡന്‍റുകൂടിയായ നഷീദ് വ്യക്‌തമാക്കി. രാജ്യസഭ സ്‌പീക്കര്‍ വെങ്കയ്യ നായിഡുവിന്‍റെയും ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലയുടെയും പ്രത്യേക ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയിരിക്കുകയാണ് മുഹമ്മദ് നഷീദ്.
കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി പ്രകാരം 2014 ഡിസംബര്‍ മുപ്പത്തിയൊന്നിന് മുമ്പ് പാകിസ്ഥാന്‍,അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് പൗരത്വം ലഭിക്കും. എന്നാല്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ലഭിക്കില്ല. ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്‌ത്യന്‍, ബുദ്ധ, ജൈന തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കാണ് പൗരത്വം ലഭിക്കുന്നത്. അസമിലെ ഗോത്രവര്‍ഗക്കാരെ ഭേദഗതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭേദഗതി നടപ്പിലായതിന് പിന്നാലെ അസമില്‍ വന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തിന്‍റെ ഭൂരിഭാഗം മേഖലയിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും അര്‍ധസൈനികരെ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു.