ജയ്‌പൂര്‍: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനിക്കുമെന്ന് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ സച്ചിന്‍ പൈലറ്റ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കിയെങ്കിലും നിലവിലെ സാഹചര്യവും അതിനെതിരെയുള്ള പ്രതിഷേധവും കണക്കിലെടുത്ത് നിയമം പ്രാബല്യത്തിലാക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചേ മതിയാകൂ എന്നും പൈലറ്റ് വ്യക്തമാക്കി.
പിസിസി അധ്യക്ഷന്‍, ഉപമുഖ്യമന്ത്രി എന്നീ പദവികള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലെന്നും ജനങ്ങളുടേയും പാര്‍ട്ടി അംഗങ്ങളുടേയും ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പദവികളും ഒരുമിച്ച് കൈകാര്യം ചെയ്യാനുള്ള നിര്‍ദേശം രാഹുല്‍ ഗാന്ധിയുടേതാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അവര്‍ ഉന്നയിച്ച പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും രാജസ്ഥാനിലെ പൗരന്‍മാരുടെ വിശ്വാസത്തിന് യാതൊരു വിധത്തിലുള്ള കോട്ടവും തട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.
പാര്‍ട്ടി അംഗങ്ങള്‍ക്ക് എംഎല്‍എ ടിക്കറ്റുകള്‍ നല്‍കും. അവരില്‍ പലരും എംപിമാരും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരുമാണ്. ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി തന്‍റെ അധികാരത്തിന്‍ കീഴില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് എല്ലാക്കാലത്തും ജനങ്ങളോടൊപ്പമുണ്ടെന്നും രാഹുല്‍ ഗാന്ധി ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും നേരിട്ട് പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തും. സാമ്പത്തിക മാന്ദ്യത്തിന് കേന്ദ്രം മാത്രമാണ് ഉത്തരവാദി. പിന്നാക്ക വിഭാഗത്തിനുണ്ടാകുന്ന ദുരവസ്ഥക്ക് കേന്ദ്ര സർക്കാര്‍ സ്വീകരിക്കുന്ന നയങ്ങളോട് യോജിക്കാനാകില്ലെന്നും രാജസ്ഥാൻ ഉപമുഖ്യമന്ത്രി കൂടിയായി സച്ചിൻ പൈലറ്റ് പറഞ്ഞു.
ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നതുവരെ താന്‍ ഈ പദവികളില്‍ തന്നെ തുടരുമെന്നായിരുന്നു രണ്ടാം തവണയും പിസിസി അധ്യക്ഷനായി തുടരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത്. ജനാധിപത്യത്തില്‍ ഏത് വിഷയത്തിലായാലും സംവാദങ്ങളും ഗൗരവമുള്ള ചര്‍ച്ചകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു നിര്‍ത്തി.