ന്യൂഡല്‍ഹി; 354 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമല്‍നാഥിന്‍റെ അനന്തരവൻ അറസ്റ്റില്‍. മോസർബെയറിന്‍റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന രതുല്‍ പുരിയെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സിബിഐ കേസെടുത്തിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തില്‍ രതുല്‍പുരിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. രതുല്‍പുരിയെ കൂടാതെ കമല്‍നാഥിന്‍റെ സഹോദരിയും രതുല്‍ പുരിയുടെ അമ്മയുമായ നിതാ പുരി, അച്ഛൻ ദീപക് പുരി എന്നിവർക്കെതിരെയും സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ബാങ്കുകൾ അനുവദിച്ച പണം മോസർബെയർ കമ്പനിയും ഡയറക്ടർമാരും വ്യക്തിഗത ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്തെന്നും ഫണ്ട് ലഭ്യമാക്കുന്നതിനായി വ്യാജരേഖ നല്‍കിയെന്നും പരാതിയുണ്ട്.