ജയ്പൂർ: രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) എംഎൽഎമാർക്ക് ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര വ്യാഴാഴ്ച വിപ്പ് നൽകി. നിയമസഭാ സമ്മേളനത്തിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലോ മറ്റേതെങ്കിലും നടപടികളിലോ കോൺഗ്രസിനെതിര വോട്ട് ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് ലംഘിക്കുകയാണെങ്കിൽ, ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ ഖണ്ഡിക 2 (എൽ) (ബി) പ്രകാരം അയോഗ്യത നേരിടേണ്ടിവരുമെന്ന് വിപ്പ് പറഞ്ഞു.
ആറ് എംഎൽഎമാർക്കും പ്രത്യേക നോട്ടീസ് നൽകിയിട്ടുണ്ട്. ബിഎസ്‌പി ഒരു അംഗീകൃത ദേശീയ പാർട്ടിയായതിനാൽ, ഷെഡ്യൂളിന്‍റെ ഖണ്ഡിക (4) പ്രകാരം സംസ്ഥാന തലത്തിൽ മറ്റൊരു പാർട്ടിയുമായി ലയിക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ സ്പീക്കറുടെ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഉത്തരവ് പ്രകാരം ഷെഡ്യൂളിന് വിരുദ്ധമായി ലയിപ്പിക്കാൻ കഴിയില്ലെന്നും പാർട്ടി വ്യക്തമാക്കി. ആറ് ബിഎസ്‌പി എംഎൽഎമാരും വിപ്പ് പിന്തുടരാൻ ബാധ്യസ്ഥരാണെന്നും അത് പരാജയപ്പെട്ടാൽ അയോഗ്യരാക്കപ്പെടുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബിഎസ്‌പിക്ക് വേണ്ടി മത്സരിച്ച് പിന്നീട് കോൺഗ്രസിൽ ചേർന്ന ആറ് എംഎൽഎമാരിൽ രാജേന്ദ്ര ഗുഡ, വാജിബ് അലി, ജോഗീന്ദർ അവാന, സന്ദീപ് യാദവ്, ലഖാൻ മീന, ദീപ്‌ചന്ദ് ഖേരിയ എന്നിവർ ഉൾപ്പെടുന്നു.