കൊൽക്കത്ത: പെട്രാപോൾ റെയിൽവേ സ്റ്റേഷനിൽ കാർഗോ ട്രെയിനിനുള്ളിൽ ഒളിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിയെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറസ്റ്റ് ചെയ്തു. സംഭവം മനുഷ്യകടത്താണെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ തന്‍റെ പേര് മുഹമ്മദ് അബു താഹിർ ആണെന്നും ബംഗ്ലാദേശിലെ കോമിലയിലെ ബർബുറിയയിൽ താമസിക്കുന്നയാളാണെന്നും വെളിപ്പെടുത്തി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനയിൽ ജോലി ചെയ്യുന്നതിനായി ഒരു ഇടനിലക്കാരന്റെ സഹായത്തോടെയാണ് താൻ ഇന്ത്യയിലെത്തിയതെന്നും 41 കാരനായ മുഹമ്മദ് അബു താഹിർ വെളിപ്പെടുത്തി.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചെക്ക് പോയിന്‍റിലെ ഇന്ത്യൻ ഭാഗമാണ് പെട്രോപോൾ. മനുഷ്യക്കടത്ത് ഇവിടെ വലിയ തോതിൽ നടക്കുന്നു. രാജ്യത്ത് അനധികൃതമായി കടന്നുകയറുന്നതിനായി ചരക്ക് ട്രെയിനുകൾ ഉപയോഗിക്കുന്നതായി ബിഎസ്‌എഫ് പറഞ്ഞു. ചരക്ക് ട്രെയിനുകൾ ശൂന്യമാകുമ്പോൾ കോച്ചുകൾ ശരിയായി അടക്കാനും റെയിൽവേയോട് ആവശ്യപ്പെട്ടതായി ബിഎസ്‌എഫ് പറഞ്ഞു. ജൂൺ 20 മുതൽ സമാന സംഭവത്തിൽ ആറ് ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ രണ്ട് പേർ കുട്ടികളാണ്.