ഭുവനേശ്വർ: ഒഡിഷയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറുമായി രണ്ട് പേര്‍ പിടിയില്‍. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ചിന്‍റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഭുവനേശ്വറിലെ ഖണ്ടഗിരി പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരെ പിടികൂടിയത്. ഒരു കിലോയോളം വരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയതെന്ന് എസ്ടിഎഫ് പൊലീസ് ഡിഐജി ജെ.എൻ.പങ്കജ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടെന്നും ഇയാൾക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്ന് ഒഡിഷയിലെ ബാലസോർ ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചും ഇവരുമായി ബന്ധമുള്ള മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 7.8 കിലോഗ്രാം ബ്രൗൺ ഷുഗര്‍ എസ്‌ടിഎഫ് പിടിച്ചെടുത്തതായി ഡിഐജി പറഞ്ഞു.