ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യ- ചൈന അതിർത്തിയില്‍ സൈന്യത്തിന് യന്ത്രങ്ങളും മറ്റ് ആയുധങ്ങളും എത്തിക്കുന്നതിനായുള്ള റോഡ് നിർമാണം വേഗം തീർക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ബോർഡർ റോഡ് ഓർഗനൈസേഷൻ. നിലവിലെ സംഘർഷാവസ്ഥയിൽ ലേയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ വഴിയാണ് ആയുധങ്ങൾ എത്തിക്കേണ്ടത്. ഇവിടങ്ങളിൽ മണ്ണിടിച്ചിൽ മൂലം തടസ്സങ്ങൾ നേരിടുന്നുണ്ട്.
റോഡിലെ തടസങ്ങൾ നീക്കി നിർമാണം നടത്തുന്നതിന് കോടികൾ വില വരുന്ന പുതിയ തരം യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെന്നും പതിവായി ജോലികൾ നടക്കുന്നുണ്ടെന്നും ബിആർഒ അധികൃതർ പറഞ്ഞു. കൂടാതെ ബിആർഒ തൊഴിലാളികളോടും കൂലിപ്പണിക്കാരോടും വാരാന്ത്യങ്ങളിലും രണ്ട് ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ മെഷീനുകൾ ഉപയോഗിച്ച്, റോഡുകൾ നിർമിക്കാനുള്ള വേഗത 10 മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിലും വേഗത്തിലും റോഡുകൾ നിർമിക്കാൻ കഴിയും. പാറകൾ തകർക്കാൻ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൾ പുതിയ യന്ത്രം സഹായകമാണെന്നും ബിആർഒ പറഞ്ഞു. സേനയുടെ ആവശ്യമനുസരിച്ചാണ് റോഡുകളെ ബന്ധിപ്പിക്കുന്നത്. ചൈനീസ് അതിർത്തിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ദേശീയപാത ഒന്നിൽ പദം-യുൽചുംഗ്-സുംഡോ വഴി ഖൽസി വരെ ലഡാക്കിലേക്കുള്ള റോഡിനെ ബിആർഒ ബന്ധിപ്പിച്ചിട്ടുണ്ട്.