ന്യൂഡല്‍ഹി: ലോക്‌ഡൗണ്‍ പശ്ചാത്തലത്തില്‍ അറ്റ് ഹോം ഡെലിവറി ആപ്പുമായി ബ്രിട്ടാനിയ കമ്പനി. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഡന്‍സോയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ബ്രിട്ടാനിയ എസൻഷ്യൽസ് സ്റ്റോറിൽ നിന്ന് ഓർഡർ ചെയ്‌ത് ഒരു മണിക്കൂറിനുള്ളിൽ ഡന്‍സോ ആപ്പ് വഴി ഉപഭോക്താക്കൾക്ക് അവരുടെ വീട്ടില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കും. ബെംഗളൂരുവില്‍ ചൊവ്വാഴ്‌ച ആദ്യ സ്റ്റോറിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈ, പൂനെ, ദില്ലി, ഗുഡ്‌ഗാവ്, ജയ്പൂർ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ബ്രിട്ടാനിയ എസന്‍ഷ്യല്‍സ് സ്റ്റോറിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ വരുൺ ബെറി പറഞ്ഞു.
കൊവിഡ് 19നെതിരായ പോരാട്ടാത്തിന് ഡന്‍സോ പ്രതിജ്ഞാബദ്ധരാണെന്നും ബ്രിട്ടാനിയ ഉല്‍പന്നങ്ങള്‍ ഓഡര്‍ ചെയ്‌ത് ഒരു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ വീട്ടില്‍ എത്തുമെന്നും ഡൻസോ സിഇഒയും സഹസ്ഥാപകനുമായ കബീർ ബിശ്വാസ് പറഞ്ഞു. ഐടിസി ഫുഡ്‌സ് ഡൊമിനോസ് പിസയോട് ചേര്‍ന്നും മാരിക്കോ സ്വിഗ്ഗി,സൊമാറ്റോ എന്നീ പ്ലാറ്റ്‌ഫോമുകളുമായും ചേര്‍ന്ന് അറ്റ് ഹോം ഡലിവറി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.