ന്യൂഡൽഹി: കിസാൻ മസ്ദൂർ സംഘർഷ് സമിതി(കെഎംഎസ്‌സി)യിലുള്ള ആയിരക്കണക്കിന് കർഷകർ കുണ്ട്‌ലി അതിർത്തി വഴി രാജ്യതലസ്ഥാനത്തെ സമരകേന്ദ്രത്തിലെത്തി. കെഎംഎസ്‌സി പഞ്ചാബ് പ്രസിഡന്‍റ് സത്നം സിംഗ് പന്നു, ജനറൽ സെക്രട്ടറി സർവാൻ സിംഗ് പാണ്ഡെർ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാബിൽ നിന്നും കൂടുതൽ കർഷകർ ഇന്ന് സമരമുഖത്ത് എത്തിച്ചേർന്നത്.
കുണ്ട്‌ലി അതിർത്തിയിലെ ആദ്യത്തെ ചെക്ക് പോസ്റ്റിലൂടെ വലിയ ജനക്കൂട്ടമായി കർഷകരും തൊഴിലാളികളും ഡൽഹിയിലേക്ക് കടന്നു. ഇതോടെ, പൊലീസ് വലിയ ടിപ്പറുകളും ലോറികളും വാഹനങ്ങളും ഉപയോഗിച്ച് രണ്ടാം ചെക്ക് പോസ്റ്റിലെ നിയന്ത്രണം ശക്തിപ്പെടുത്തി. കെഎംഎസ്‌സിയെ പ്രതിനിധീകരിച്ച് എത്തിയ കർഷകരുടെ തിരക്ക് അധികമായതിനാൽ തന്നെ, പൊലീസിന്‍റെ എട്ട് വാഹനങ്ങൾ ഉപയോഗിച്ച് പോലും നിയന്ത്രണം അസാധ്യമായെന്നാണ് റിപ്പോർട്ട്. തുടർന്ന് കുണ്ട്‌ലി അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പിന്നിലേക്ക് രണ്ടാമത്തെ ചെക്ക് പോസ്റ്റ് നീക്കം ചെയ്യേണ്ടതായും വന്നു.
കർഷക സമരത്തിൽ പങ്കാളിയാകാൻ ഗുർദാസ്പൂരിൽ നിന്ന് ഈ മാസം 25ന് മറ്റൊരു സംഘം കർഷകർ ഡൽഹിയിൽ എത്തുമെന്നും കിസാൻ മസ്ദൂർ സംഘർഷ് സമിതി അറിയിച്ചു.