റാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാരോയിൽ 42കാരൻ മരിച്ചത് വിശപ്പ് മൂലമെന്ന് ആക്ഷേപം. സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറെൻ അന്വേഷണത്തിന് ഉത്തരവിട്ടു.
റേഷൻകാർഡോ ആയുഷ്‌മാൻ കാർഡോ കൈവശമില്ലാത്ത കുടുംബത്തിലെ അംഗമായിരുന്ന ഭൂഖൽ ഘാസി ഭക്ഷണം ലഭിക്കാതെ മരിച്ചുവെന്നാണ് ആരോപണം. ദിവസങ്ങളായി വീട്ടിൽ ഭക്ഷണം പാകം ചെയ്‌തിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണസാധനങ്ങൾ ഒന്നും തന്നെ നാളുകളായി വീട്ടിൽ ഇല്ലായിരുന്നുവെന്ന് ഭൂഖൽ ഘാസിയുടെ ഭാര്യ രേഖാ ദേവിയും വെളിപ്പെടുത്തി. എന്നാൽ അനീമിയ രോഗബാധിതനായിരുന്ന ഘാസി അസുഖം വർധിച്ചതോടെ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതാണെന്നും രോഗം മൂർച്ചിച്ചത് മരണത്തിന് കാരണമായെന്നുമാണ് അധികൃതരുടെ വാദം. മാർച്ച് ആറിനാണ് ഘാസി മരിച്ചത്.