ബംഗളൂരു: കൊവിഡ് 19 നിയന്ത്രണ വിധേയമാകുന്നത് വരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൃതദേഹങ്ങൾ കർണാടകയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. മരിച്ചിടത്ത് തന്നെ അന്ത്യകർമങ്ങൾ നടത്തും. കർണാടകയില്‍ വെച്ച് മരിച്ച ഇതര സംസ്ഥാനക്കാരുടെ ഉൾപ്പെടെ മൃതദേഹങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും അനുവദിക്കില്ല. മുഖ്യമന്തിയുടെ നേതൃത്വത്തില്‍ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ക്വാറന്‍റയിന്‍ സൗകര്യങ്ങൾ ലഭ്യമാകുന്ന മുറക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരത്തില്‍ സംസ്ഥാനത്ത് എത്തുന്നവരെ 14 ദിവസം ക്വാറന്‍റയിനില്‍ വെക്കും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ക്വാറന്‍റയിനില്‍ കഴിയാനും കൊവിഡ് 19 ടെസ്റ്റിനും തയ്യാറാണെങ്കിലേ യാത്രാ പാസിനായി അപേക്ഷിക്കേണ്ടതുള്ളൂവെന്നും അധികൃതർ പറഞ്ഞു. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.