ആസമിനെ മറ്റൊരു കശ്മീർ ആക്കാൻ താൽപ്പര്യമില്ലാത്തത് കൊണ്ടാണ് ആസം പൗരത്വ ബിൽ കൊണ്ടുവന്നതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അസമിലെ ലഖിംപുർ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന പറഞ്ഞ ബിജെപി അധ്യക്ഷന്‍ എൻഡിഎ സർക്കാർ സുരക്ഷാ വിഷയത്തിൽ കോൺഗ്രസ് സർക്കാരിനെപ്പോലെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും വ്യക്തമാക്കി.
1985 മുതൽ അസം ഭരിച്ച കോൺഗ്രസ്സും, അസം ഗണ പരിഷത്തും 1985ൽ ഒപ്പുവച്ച അസം കരാർ നടപ്പാക്കാനായി ഒന്നും ചെയ്തില്ല. പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് അനവധി തെറ്റിദ്ധാരണകളാണ് പ്രചരിപ്പിച്ചത്. ഈ ബിൽ അസമിനും, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മാത്രമാണ് ബാധകമെന്ന് വരുത്തിത്തീർത്തു. എന്നാൽ ഈ ബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായതല്ല. ഇന്ത്യയിലെ മുഴുവൻ അഭയാർഥികൾക്കും ബാധകമാണ്. പൗരത്വ ഭേദഗതി ബില്ലിന്‍റെ അഭാവത്തിൽ അസമിലെ ജനസംഖ്യയിൽ വലിയ മാറ്റമാണ് വരുന്നത്. ഇത് ജനങ്ങൾക്ക് വലിയ രീതിയിലുള്ള അപകടം സൃഷ്ടിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.