കൊല്‍ക്കത്ത: ബംഗാളിലെ കങ്കിനാരയിലുണ്ടായ പൊലീസ് ലാത്തി ചാര്‍ജില്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന് ഗുരുതര പരിക്ക്. ബരക്‌പൂര്‍ പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ തന്‍റെ തലയില്‍ അടിച്ചെന്നാണ് അര്‍ജുന്‍ സിങ്ങിന്‍റെ അരോപണം. രക്തത്തില്‍ കുളിച്ച വസ്‌ത്രവുമായി മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തിയാണ് എംപി ആരോപണം ഉന്നയിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ സിങ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചതോടെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇന്ന് അര്‍ജുന്‍ സിങ്ങിന്‍റെ ഓഫീസ് പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമായത്. അര്‍ജുന്‍ സിങിന്‍റെ കാര്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഇരു വിഭാഗം പ്രവര്‍ത്തകരും പലയിടത്തും റോഡുകളും ഉപരോധിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തമ്പടിച്ചിരുന്ന പൊലീസിന് നേരെ കല്ലേറ് തുടങ്ങിയതോടെയാണ് ലാത്തി ചാര്‍ജ് നടത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
മണ്ഡലത്തിലെ വിവിധ ഭാഗങ്ങള്‍ സംഘര്‍ഷം തുടരുകയാണ്. പലയിടത്തും കലാപത്തിന് സമാനനമായ അവസ്ഥയാണുള്ളത്. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഏകാധിപത്യഭരണമാണെന്നും മറ്റുള്ള പാര്‍ട്ടികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ നടക്കുന്നതെന്നുമാണ് ബിജെപി ആരോപിക്കുന്നത്.