ബെംഗളൂരു: പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വിമർശിച്ച് കര്‍ണാടകയിലെ ബിജെപി എംഎല്‍എ സോമശേഖര റെഡ്ഡി. ഇന്ത്യയില്‍ നൂനപക്ഷങ്ങള്‍ വെറും 17 ശതമാനമാണുള്ളത് . എന്നാല്‍ 80 ശതമാനം വരുന്നവർ തിരിഞ്ഞ് നിന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം നിഷ്‌പ്രഭമാകുമെന്ന് സോമശേഖര റെഡ്ഡി പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിയില്‍ പൗരത്വ നിയമ അനുകൂല ക്യാമ്പയിനിന്‍റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം തുടരുകയാണെങ്കില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഇന്ത്യയിലെ 80 ശതമാനം വരുന്ന ആളുകള്‍ തെരുവില്‍ ഇറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത് എന്‍റെ രാജ്യമാണെന്നും ഞാന്‍ മരിച്ചാല്‍ എന്നെ ദഹിപ്പിക്കുന്ന സമയത്ത് ഉയരുന്ന പുകപോലും 'ഭാരത് മാതാ കി ജയ്' പറയുമെന്നും റെഡ്ഡി പറഞ്ഞു. പാകിസ്ഥാനില്‍ ഹിന്ദു സ്ത്രീകള്‍ക്ക് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അത്തരം പീഡനം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവരുന്നെന്നും എംഎല്‍എ പറഞ്ഞു.