ലഖ്‌നൗ: ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജാറിനെ ഫോൺ കോളിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പാകിസ്ഥാനില്‍ നിന്നുള്ള കോളാണെന്ന് സംശയിക്കുന്നതായും ഗുര്‍ജാര്‍ പരാതിയില്‍ പറയുന്നു. ഇന്‍റർനെറ്റ് കോളായിരുന്നെന്നും നമ്പർ വ്യാജമായിരിക്കുമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കുറ്റവാളിയെ എത്രയും വേഗം കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
അടുത്തിടെ നടിയും നിർമാതാവുമായ അനുഷ്‌ക ശര്‍മക്കെതിരെ നന്ദകിഷോർ ഗുർജാര്‍ രംഗത്തെത്തിയിരുന്നു. അനുഷ്‌ക നിര്‍മിച്ച ഒരു വെബ് സീരിസില്‍ അനുമതിയില്ലാതെ തന്‍റെ ചിത്രം ഉപയോഗിച്ചതിന് നന്ദികിഷോർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപുറമെ വെബ് സീരീസിന്‍റെ സ്ട്രീമിങ് നിരോധിക്കാൻ എംഎൽഎ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിരുന്നു.