ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യ തലസ്ഥാനത്ത് ആക്രമണം അഴിച്ച് വിട്ടതിന് കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി. പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ നിയമത്തിനെതിരെ പ്രതിഷേധം നടത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര മാസത്തിനിടെ നിയമത്തിനെതിരെ കോൺഗ്രസ് നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധങ്ങൾക്ക് കാരണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുൺ സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു.
സമരം ചെയ്യാനാണ് അവർ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുന്ന കോൺഗ്രസ് 1984ലെ സിഖ് കലാപം മറക്കരുതെന്നും ഓർമ്മിപ്പിച്ചു.
ക്രമസമാധാനം നിലനിർത്താനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിക്കുന്നത്. വിഷയത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും കലാപ ബാധിത പ്രദേശങ്ങളിലെത്തി ജനങ്ങളെ സമാധാനിപ്പിക്കണമെന്നും സിംഗ് പറഞ്ഞു.