ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തെ കുറിച്ചുള്ള പരാമർശത്തില്‍ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ഗാൽവാൻ താഴ്‌വരയിൽ ജീവൻ ബലിയർപ്പിച്ച 20 സൈനികരുടെ ധീരതയെ രാഹുൽ ഗാന്ധി അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യ-ചൈന ഏറ്റുമുട്ടൽ സംബന്ധിച്ച് രാഹുൽ ഗാന്ധി അസത്യത്തെ സത്യമായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു പറഞ്ഞു. അതേസമയം എന്ത് വന്നാലും കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിക്രമങ്ങളെക്കുറിച്ച് താൻ നുണ പറയില്ലെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.
ഗാന്ധി കുടുംബത്തിന്‍റെ നേതൃത്വത്തിലുള്ള വിവിധ സർക്കാരുകളുടെ ഭരണകാലത്ത് 43,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തു. കൂടാതെ, ലഡാക്കിലെ 20 സൈനികരുടെ ത്യാഗത്തെ രാഹുൽ ഗാന്ധി തന്‍റെ പ്രസ്താവനകളിലൂടെ അപമാനിച്ചുവെന്നും റാവു ബിജെപി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. സൈനികരെ അപമാനിച്ചതിനെത്തുടർന്ന് 2019ൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യ-ചൈന ഏറ്റുമുട്ടൽ സംബന്ധിച്ച് രാഹുൽ ഗാന്ധി ആരംഭിച്ച പരമ്പരയുടെ ഭാഗമായി ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയ്‌ക്കൊപ്പമുള്ള ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി തന്‍റെ പരാമർശം നടത്തിയത്. ചൈനക്കാർ ഈ രാജ്യത്ത് പ്രവേശിച്ചിട്ടില്ലെന്ന് ഞാൻ നുണ പറയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ അത് ചെയ്യില്ലെന്നും എന്‍റെ രാഷ്ട്രീയ ഭാവി നശിച്ചാലും കാര്യമാക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.