അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നേതാക്കളും കേന്ദ്ര നേതൃത്വവും നടത്തിയ ചർച്ചക്കൊടുവിലാണ് ഇന്ന് തീരുമാനത്തിലേക്കെത്തുന്നത്. സംസ്ഥാനനേതൃത്വം തയ്യാറാക്കിയ കേരളത്തിലെ ബി.ജെ.പി. സ്ഥാനാർഥിപ്പട്ടികയിൽ കാര്യമായ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചനകൾ. കേന്ദ്രനേതൃത്വവും ആർ.എസ്.എസും പട്ടികയിൽ മാറ്റങ്ങൾ നിർദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തിലെ സ്ഥാനാർഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചർച്ചകൾ നടന്നിരുന്നു. ആദ്യവട്ടചർച്ച ഉച്ചയ്ക്കാണ് നടന്നത്. തുടർന്ന്, കേന്ദ്ര തെരഞ്ഞെടുപ്പുസമിതി യോഗത്തിലും ചർച്ച തുടർന്നു. സംസ്ഥാനപ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ എം.പി. തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വിവാദമായ പത്തനംതിട്ട സീറ്റില്‍ മൂന്നോളം പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തനിക്ക് മത്സരിക്കണമെന്ന പിടിവാശി ഇല്ലെന്ന് പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചു.താന്‍ മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നത് ശരിയാണ്. നേതൃത്വം തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസുംബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍തീരുമാനം അദ്ദേഹത്തിന്‍റെതാണെന്ന് വ്യക്തമാക്കിയ ശ്രീധരന്‍പിള്ള കെ.സുരേന്ദ്രന്‍റെസീറ്റ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം കെ.സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവരെ ഒതുക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് വി. മുരളീധരന്‍ പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.