ന്യൂഡൽഹി: അനധികൃത കോളനികൾ നിയമപരമായി സാധുവാക്കുമെന്ന ബിജെപി വാദം തെറ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി വികസന വകുപ്പ് വഴി തേടിയ രേഖയിൽ നിന്ന് ഇത്തരത്തിൽ ഉള്ള നീക്കങ്ങൾ നടത്തുന്നില്ല എന്നാണ് അറിയാൻ സാധിച്ചതെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡിഡിഎ വെബ്സൈറ്റില്‍ പങ്കുവെച്ച ട്വീറ്റ് ടാഗ് ചെയ്താണ് കെജ്രിവാളിന്‍റെ പ്രതികരണം. ബിജെപി പൊതുജനങ്ങളോട് നുണ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷത്തോളം പേർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ താഴ്ന്ന വരുമാനമുള്ളവര്‍ താമസിക്കുന്ന 1797 കോളനികളിലെ നിവാസികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അംഗീകൃത കുടിവെള്ള - വൈദ്യുതി കണക്ഷനോ ഭൂമിയുടെ ഉടമസ്ഥാവകാശമോ ഇല്ലാത്തവരാണ് ഇവര്‍. 2015-ല്‍ അനധികൃത കോളനികളെ ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയുള്ള കേന്ദ്രതീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു കെജ്രിവാൾ പ്രതികരിച്ചത്.