ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് നോ നമോ("Know Namo") എന്ന പേരിൽ വിജ്ഞാന പരീക്ഷയും പ്രധാനമന്ത്രിയുടെ ജീവിത യാത്രയെക്കുറിച്ചുള്ള വെർച്വൽ എക്സിബിഷനും സംഘടിപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. നമോ ആപ്പ് വഴിയാണ് ഇവ സംഘടിപ്പിക്കുക.
"നോ നമോ" ക്വിസിൽ വിജയിക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് പതിച്ച പുസ്തകങ്ങളാണ് സമ്മാനമായി ലഭിക്കുക. ഇന്ന് ആരംഭിക്കുന്ന ക്വിസിൽ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. പ്രധാനമന്ത്രിയോട് ആശംസകൾ അറിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവ നമോ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാകുമെന്നും പാർട്ടി അറിയിച്ചു. ആശംസകൾ വീഡിയോ ആയോ മെസേജുകളായോ അറിയിക്കാം.
പ്രധാനമന്ത്രിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള എക്സിബിഷൻ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് ആദ്യമായി 360 ഡിഗ്രി വെർച്വൽ സ്ക്രീനിൻ ആസ്വദിക്കാമെന്ന് പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഗുജറാത്തിലെ വാദ്‌നഗറിൽ നിന്ന് പ്രധാനമന്ത്രിയും ലോകനേതാവുമായുള്ള പ്രധാനമന്ത്രിയുടെ വളർച്ചയെ 'നമോയുടെ പ്രചോദനാത്മക ജീവിതത്തിന്‍റെ നേർക്കാഴ്ചകൾ'('Glimpses of Namo's Inspiring Life') എന്ന പേരിലാണ് പ്രദർശിപ്പിക്കുക.
ജന്മദിനത്തിന്‍റെ ഭാഗമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഒരാഴ്ച നീണ്ടുനിൽക്കുന്ന 'സേവാ സപ്ത' സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 20 വരെ രാജ്യത്തുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.