ന്യൂഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യമേഖലയുടെ പുരോഗതിക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി മൈക്രോസോഫ്‌റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ആരോഗ്യമേഖലയില്‍ സ്വകാര്യ കമ്പനികള്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്നും, ചികില്‍സയ്‌ക്കായി ആധുനീക ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും ഇതുവഴി ചികില്‍സകള്‍ ലളിതവും, ചിലവ് കുറഞ്ഞതുമാക്കാന്‍ കഴിയുമെന്നും ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ആരോഗ്യമേഖലയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ബില്‍ ആന്‍റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഡല്‍ഹിയിലെത്തിയതാണ് ബില്‍ ഗേറ്റ്സ്.
അതേസമയം രാജ്യത്തെ പോളിയോ മുക്‌തമാക്കാന്‍ ഇന്ത്യ നടത്തിയ വിജയകരമായ പരിപാടികളെ ബില്‍ ഗേറ്റ്‌സ് അഭിനന്ദിച്ചു. ഇത്തരം മാര്‍ഗങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് അഭിപ്രായപ്പെട്ട ബില്‍ ഗേറ്റ്‌സ്, സമാനരീതിയിലുള്ള നടപടികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടപ്പാക്കാന്‍ തന്‍റെ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.
എന്നാല്‍ ചില മേഖലകളില്‍ ഇന്ത്യ ഇപ്പോഴും പരമ്പരാഗതമായ ആരോഗ്യ പരിപാലന രീതികള്‍ പിന്തുടരുന്നുണ്ട്. അവ പലതും ചിലവ് കൂടിയതാണ്. എന്നാല്‍ ഇത്തരം ഇടങ്ങളില്‍ പ്രായോഗികമായ നൂതന മാര്‍ഗങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അവ ഇന്ത്യയിലെത്തിയാല്‍ ചിലവ് കുറഞ്ഞ രീതിയില്‍ ചികില്‍സ നടത്താന്‍ കഴിയും. സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ കൂടുതല്‍ മികച്ച ചികില്‍സാ രീതികള്‍ ഇന്ത്യയിലെത്തുമെന്നും ആത് രാജ്യത്തെ ആരോഗ്യസംരക്ഷണ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.