പട്‌ന: ബിഹാര്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. വ്യാഴാഴ്‌ചയോടെ സംസ്ഥാനത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വെള്ളപ്പൊക്കം വ്യാപിച്ചിരിക്കുകയാണ്. നേപ്പാളില്‍ നിന്നുള്ള നദികള്‍ കരകവിഞ്ഞതോടെയാണ് വെള്ളപ്പൊക്കം രൂക്ഷമായത്. കഴിഞ്ഞ ദിവസം വരെ വെള്ളപ്പൊക്ക ഭീഷണി ഇല്ലാതിരുന്ന മധുബനി, സിവാന്‍ ജില്ലകളിലെ 71 പഞ്ചായത്തുകളിലും കൂടി വെള്ളം കയറിയിരിക്കുകയാണെന്ന് ദുരന്തനിവാരണ വകുപ്പിന്‍റെ ബുള്ളറ്റിന്‍ പറയുന്നു. ഇതുവരെ 14 ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. പ്രളയബാധിതരായി നിലവില്‍ 39.63 ലക്ഷം ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബുധനാഴ്‌ച വരെ 38.47 ലക്ഷം പേരായിരുന്നു കണക്കിലുള്‍പ്പെട്ടിരുന്നത്. ദുരന്തത്തില്‍ 11 പേരാണ് ഇതുവരെ മരിച്ചത്. ദര്‍ബാങ്കയില്‍ നിന്ന് 7 പേരും വെസ്റ്റ് ചമ്പാരനില്‍ നിന്ന് 4 പേരുമാണ് മരിച്ചത്.
ഈ രണ്ട് ജില്ലകള്‍ക്ക് പുറമെ ഈസ്റ്റ് ചമ്പാരന്‍, ഷിയോഹര്‍, സുപോള്‍, കിഷന്‍ഗഞ്ച്, സിതാമര്‍ഹി, ഗോപാല്‍ഗഞ്ച്, സരന്‍, മുസാഫര്‍പൂര്‍, ഖാഗരിയ എന്നിവയാണ് പ്രളയബാധിതമായ മറ്റ് ജില്ലകള്‍. സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ അധികൃതര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഓഗസ്റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ ദുരന്തം രൂക്ഷമാകുമെന്നും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദുരന്തബാധിത മേഖലകളില്‍ നിന്ന് ആളുകളെ കുടിയൊഴിപ്പിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും കൊവിഡ് മഹാമാരിയും വെള്ളപ്പൊക്കവുമടക്കം രണ്ട് ദുരിതങ്ങളെയാണ് നാം അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകളെ മുന്‍ഗണനാടിസ്ഥാനത്തില്‍ കൊവിഡ് പരിശോധന നടത്തുന്നുണ്ടെന്നും സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നുവരെ 3.16 ലക്ഷം ആളുകളെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 ടീമുകളെയും രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 25000ത്തിലധികം ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 1000ത്തിലധികം കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 6 ലക്ഷത്തോളം പേര്‍ക്ക് ഭക്ഷ്യവിതരണവും നടക്കുന്നുണ്ട്. ഇതിനിടെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബായ്‌രിയ മേഖലയില്‍ ബുന്ദി ഖണ്ടക് നദിയിലെ ചിറ അജ്ഞാതരായ ആളുകള്‍ നശിപ്പിച്ചിരുന്നു. ആര്‍ക്കും ആളപായമില്ലെന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് കുമാര്‍ ജാ ട്വീറ്റ് ചെയ്‌തു.
പട്‌നയില്‍ ബിഹ്‌തയില്‍ തമ്പടിച്ചിരിക്കുന്ന എന്‍ഡിആര്‍എഫിന്‍റെ ഒമ്പതാം ബറ്റാലിയന്‍ ഇതുവരെ ആയിരക്കണക്കിനാളുകളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങി ഇതുവരെ സേന 8000ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയെന്ന് കമാന്‍ഡന്‍റ് വിജയ് സിന്‍ഹ പറഞ്ഞു. ദുരന്തനിവാരണ വകുപ്പിന്‍റെ ആവശ്യപ്രകാരം വെസ്റ്റ് ചമ്പാരനില്‍ നിന്ന് സിവാനിലേക്ക് ഒരു സംഘം എന്‍ഡിആര്‍എഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ പാമ്പു കടിയേറ്റ നാലു വയസുകാരനെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. അര്‍ധരാത്രിയോടെ ഗ്രാമത്തിലെത്തിയ സേന ബോട്ടില്‍ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാണ് അദ്‌നാന്‍ എന്ന നാല് വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം നല്‍കിയതിനാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.