ആര ( ബീഹാർ ) : 2015 ലെ ആര കോടതി സ്ഫോടനക്കേസിൽ എട്ട് പേർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മുൻ എംഎൽഎ സുനിൽ പാണ്ഡേ അടക്കം മൂന്ന് പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. പ്രതികൾക്കുള്ള ശിക്ഷ സംബന്ധിച്ച വാദം ഈ മാസം 20ന് ആരംഭിക്കും. 2015 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബിഹാറിലെ ബോജ്‌പുർ ജില്ലയിലെ ആര എന്ന സ്ഥലത്തെ സിവിൽ കോടതിയിലാണ് സ്ഫോടനം ഉണ്ടായത്. അറസ്റ്റിലായ കുപ്രസിദ്ധ കുറ്റവാളി ലംബു ശർമയെ മോചിപ്പിക്കാൻ കൂട്ടാളികൾ നടത്തിയ ശ്രമത്തിന്‍റെ ഭാഗമായാണ് സ്ഫോടനം ഉണ്ടായത്. ലംബു ശർമയെയും വഹിച്ചുള്ള പൊലീസ് വാഹനം കോടതി പരിസരത്ത് എത്തിയപ്പോൾ നാഗിന ദേവി എന്ന സ്ത്രീ ശരീരത്തിൽ ഘടിപ്പിച്ച ബോംബ് പ്രവർത്തിപ്പിക്കുകയായിരുന്നു. സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിനിടെ ലംബു ശർമയും രണ്ട് കൂട്ടുപ്രതികളും രക്ഷപ്പെട്ടു. തുടർന്ന് 11 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കുറ്റക്കാരണെന്ന് കോടതി വിധിച്ചവരിൽ ഒരാളായ ചന്ദ് മിയാൻ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറൻഡ് പുറപ്പെടുവിക്കുകയും, പ്രതിയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ഉത്തരവിടുകയും ചെയ്തു. കേസില്‍ കോടതി വിട്ടയച്ച മുൻ എംഎൽഎ സുനിൽ പാണ്ഡേ ലോക് ജനസാക്ഷി പാർട്ടി അംഗമാണ്. 2015 വരെ ഇയാൾ ജനതാ ദൾ നേതാവായിരുന്നു.