ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപുരിൽ ആറു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംഭവത്തെ ബിജെപി പുതിയ ആയുധമാക്കി ഉപയോഗിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഈ മാസം 28നാണ്.
കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. "ഞങ്ങളുടെ മനസിനെ അസ്വസ്ഥമാക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ബിഹാറിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയുടെ ആറ് വയസുള്ള കുട്ടി ബലാല്‍സംഗത്തിനിരയായിട്ടും കോണ്‍ഗ്രസ് മൗനം തുടരുകയാണ്. ഒരു ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു, അവളുടെ മൃതദേഹം പകുതി കത്തിക്കഴിഞ്ഞു. എന്നിട്ടും സഹോദരനും സഹോദരിയും തിരിഞ്ഞുനോക്കിയിട്ടില്ല". രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കുറ്റപ്പെടുത്തുകയായിരുന്ന നിര്‍മലാ സീതാരാമൻ. ഹാത്രസില്‍ കാണിച്ച ജാഗ്രത ഇവിടെ എന്താണ് കാണിക്കാത്തതെന്നും നിര്‍മലാ സീതാരമാൻ കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെയും നിര്‍മല സീതാരാമൻ വിമര്‍ശനമുന്നയിച്ചു. ബിഹാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണ് യാദവ് പ്രതികരിക്കാത്തത്. ആ കുടുംബത്തോട് യാതൊരു ഉത്തരവാദിത്വവും നിങ്ങള്‍ക്കില്ലേയെന്നും നിര്‍മല സീതാരാമൻ ചോദിച്ചു. ബിഹാറിലെ കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന്‍റെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് തേജസ്വി യാദവ്. ഹാത്രസിലേക്ക് മാര്‍ച്ച് നടത്തിയ 35 എംപിമാര്‍ ഇപ്പോള്‍ എവിടെയാണെന്നും നിര്‍മല സീതാരാമണൻ ചോദിച്ചു.
പഞ്ചാബിലെ ടാണ്ഡയിലാണ് ആറുവയസുകാരി കൊല്ലപ്പെട്ടത്. പീഡിപ്പിച്ചശേഷം ജീവനോടെ തീ കൊളുത്തുകയായിരുന്നു. കുട്ടിയുടെ പകുതി കത്തിയ മൃതദേഹം കന്നുകാലികളുടെ ഷെഡിനു സമീപത്തുനിന്നാണു കണ്ടെത്തിയത്. സംഭവത്തിൽ സുർപ്രീത് സിങ്ങ്, മുത്തച്ഛൻ സുർജിത് സിങ്ങ് എന്നിവര്‍ അറസ്‌റ്റിലായിരുന്നു.