ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട ഭുവനേശ്വര്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഒഡിഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യപാക നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്..
ശനിയാഴ്ച ഉച്ചക്ക് ഒരുമണി മുതലാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. പാസഞ്ചര്‍ ടെര്‍മിനലിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നിരുന്നു . എയര്‍ ട്രാഫിക് കണ്ട്രോളിന്‍റെ മേല്‍ക്കൂരക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓപ്പറേഷണല്‍ ഏരിയയുടെ അറുന്നൂറ് മീറ്റര്‍ ചുറ്റളവിലും ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വെള്ളിയാഴ്ചയാണ് ഫാനി ചുഴലിക്കാറ്റ് ഒഡിഷാ തീരത്തെത്തിയത്. 175 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് ബംഗ്ലാദേശിലേക്ക് ഗതിമാറുന്നതിന് അനുസരിച്ച് ശക്തി കുറഞ്ഞ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.