ഭോപ്പാല്‍: 1984 ഡിസംബര്‍ 2 രാജ്യം നടുങ്ങിയ നിമിഷം. അന്ന് രാത്രിയാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ അമേരിക്കന്‍ കീടനാശിനി പ്ലാന്‍റിലെ പുകക്കുഴലിലൂടെ വിഷവാതകമായ മീഥൈല്‍ ഐസോസിനേറ്റ് പുറത്തുവന്നത്. യൂണിയന്‍ കാര്‍ബൈഡ് വഹിച്ചുകൊണ്ട് വായുവില്‍ കലര്‍ത്ത വിഷപ്പുക മണിക്കൂറുകള്‍ക്കുള്ളില്‍ കവര്‍ന്നെടുത്ത് 15,274 മനുഷ്യ ജീവനുകളാണ്. ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് വിഷവാതകം ശ്വസിച്ചതിന്‍റെ പേരില്‍ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിച്ചത്. സംഭവം നടന്ന് 35 വര്‍ഷത്തിനിപ്പുറവും ദുരിതം ഭോപ്പാലിനെ വിട്ടുപോയിട്ടില്ല. ഇപ്പോഴും ഇവിടെ കുട്ടികള്‍ ജനിക്കുന്നത് പൂര്‍ണ ആരോഗ്യമില്ലാതെയാണ്.
അതേസമയം ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട ചികില്‍സാ സഹായങ്ങള്‍ കൃത്യമായി നടപ്പാക്കാനോ, നഷ്‌ടപരിഹാരം പൂര്‍ണമായി വിതരണം ചെയ്യാനോ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. എല്ലാവര്‍ക്കും കൃത്യമായി ചികില്‍സാ സൗകര്യങ്ങളൊരുക്കണമെന്നും, നഷ്‌ടപരിഹാരം നല്‍കണമെന്നും 1991 ഒക്‌ടോബര്‍ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് ലഭ്യമായത് സര്‍ക്കാര്‍ കണക്കില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് എന്നാല്‍ യാഥാര്‍ഥ കണക്ക് അതിലും ഒരുപാട് കൂടുതലാണ് എന്നതാണ് യാഥാര്‍ഥ്യം.
ദുരന്തത്തില്‍പ്പെട്ടവരുടെ യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ദുരന്തബാധിതരുടെ സംഘടനയുടെ പ്രസിഡന്‍റ് സതിനാഥ് സാദങ്കി ആവശ്യപ്പെട്ടു. ദുരന്തമേഖലയില്‍ നിന്നും കമ്പനിയുടെ അവശിഷ്‌ടങ്ങള്‍ മാറ്റാനുള്ള സഹായം ചെയ്യാമെന്ന് ഐക്യരാഷ്‌ട്ര സംഘടന പറഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കാത്തതുകൊണ്ടാണ് അത് നടപ്പാകാത്തതെന്നും സാദങ്കി ആരോപിച്ചു. സര്‍ക്കാര്‍ കണക്കില്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ് ആറ് വര്‍ഷമായി സഹായം ലഭിക്കുന്നുണ്ട്. 12 വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് അത് സാധ്യമായത്. 1992നും 2004നും ഇടയില്‍ എണ്ണനാവാത്ത വിധം കത്തുകളാണ് സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് അയച്ചത്. നഷ്‌ടപരിഹാരത്തുക വര്‍ധിപ്പിക്കണെമെന്നാവശ്യപ്പെട്ട് ഒരു ഭീമന്‍ പരാതിയും സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ 2010 ലാണ് സുപ്രീംകോടതി അനുകൂലമായി വിധി പ്രഖ്യാപിച്ചത്.
സഹായം തരുന്നുണ്ടെന്ന് പറയുമ്പോഴും അത് പേരിന് മാത്രമാണ് അവശ്യമുള്ളതിന്‍റെ മൂന്നിലൊന്ന് മരുന്നുകള്‍ മാത്രമാണ് സര്‍ക്കാര്‍ മുഖാന്തിരം ജനങ്ങള്‍ക്ക് കിട്ടുന്നത്. ഇതിനെതിരയാണ് ഭോപ്പാല്‍ ദുരന്ത ബാധിതരുടെ സംഘടന വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ ഇപ്പോഴും കണ്ണടക്കുകയാണ്