ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിൽ കൊവിഡ് ബാധിച്ച് ട്രാൻസ്‌ജെൻഡര്‍ മരിച്ചു. കൊവിഡ് ബാധിച്ചുള്ള ആദ്യ ട്രാൻസ്ജെൻഡര്‍ മരണമാണിത്. കോളിപുര സ്വദേശിയായ 40 വയസുള്ള ആളാണ് മരിച്ചത്. ശ്വാസതടസം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിക്ക് രണ്ട് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം മധ്യപ്രദേശിൽ 116 കൊവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. ശനിയാഴ്ച മാത്രം 29 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 211 ആയി. മധ്യപ്രദേശിലെ 625 കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടില്ല.
ഹോട്ട് സ്പോട്ടായ ഇൻഡോറിൽ 53 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കേസുകൾ 1780 ആയി. ഇവിടെ 732 പേര്‍ രോഗമുക്തരാവുകയും 87 പേര്‍ മരിക്കുകയും ചെയ്‌തു. റെഡ് സ്പോട്ടായ ഭോപ്പാലിൽ ശനിയാഴ്ച 25 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇവിടുത്തെ 704 രോഗബാധിതരില്‍ 377 പേര്‍ക്ക് രോഗം ഭേദമായി. മധ്യപ്രദേശിലെ ഇൻഡോർ, ഭോപ്പാൽ, ഉജ്ജൈൻ, ജബൽപൂർ, ഖാർഗോൺ ധാർ, റൈസൻ, ഖണ്ട്വ ജില്ലകളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്.