ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസ് കേൾക്കുന്നതില്‍ നിന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ടും പിന്മാറി. മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലഖയുടെ ഹർജി കേൾക്കുന്നതില്‍ നിന്നാണ് അഞ്ചമാത്തെ ജഡ്ജിയും പിന്മാറിയത്. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും മറ്റ് മൂന്ന് ജഡ്ജിമാരും പിന്മാറിയിരുന്നു. ഈ ആഴ്ച ആദ്യമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി കേസ് കേൾക്കുന്നതില്‍ നിന്ന് പിന്മാറിയത്. ജസ്റ്റിസുമാരായ എൻ വി രമണ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായി എന്നിവരാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയ മറ്റ് ജഡ്ജിമാർ. കേസിലെ എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് നവ്‌ലഖ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ബട്ട് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹർജി കേൾക്കാനിരുന്നത്. നവ്‌ലഖയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിംങ്‌വിയും നിത്യ രാമകൃഷ്ണനും നവ്‌ലഖയുടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിയുടെ കാലാവധി നാളെ അവസാനിക്കുമെന്ന് കോടതിയെ അറിയിച്ചു.
രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകളുമാണ് നവ്‌ലഖയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. നിരോധിത നക്സൽ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് നവ്‌ലഖയ്ക്ക് എതിരായ ആരോപണം. നവ്‌ലഖയ്ക്ക് എതിരെ തുടർ അന്വേഷണം നടത്താനുള്ള പ്രാഥമിക തെളിവുകളുണ്ടെന്ന് ഹൈക്കോടതി പരാമർശിച്ചിരുന്നു. ഉത്തരവില്‍ നടത്തിയ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ സ്വാഭാവികമാണെന്നും അവ വിചാരണ കോടതിയുടെ വിധിയെ സ്വാധീനിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കാൻ നവ്‌ലഖയ്ക്ക് സമയം നല്‍കിയതിനാല്‍ അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണവും ഹൈക്കോടതി നീട്ടിയിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് എന്തെങ്കിലും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുൻപ് കേസില്‍ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരും അപ്പീല്‍ നല്‍കിയിട്ടുണ്ട്.