ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡൽഹി ജമാ മസ്‌ജിദില്‍ എത്തിയാണ് ആസാദ് പ്രധിഷേധത്തിൽ പങ്കെടുത്തത്. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ മാത്രം ഡൽഹിയിൽ തുടരാനായിരുന്നു ആസാദിന് അനുമതി. അനുവദിച്ച സമയം തീരാൻ ഒരു മണിക്കൂർ ശേഷിക്കെ അസാദ് ഡൽഹിയിൽ പ്രധിഷേധത്തിൽ പങ്കെടുത്തു. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്നും നിയമം പിൻവലിക്കും വരെ സമരം തുടരുമെന്നും ആസാദ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദ് ഇന്നലെയാണ് ജയില്‍മോചിതനായത്. ഒരുമാസത്തേക്ക് ഡൽഹിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഡൽഹി തീസ് ഹസാരി കോടതി ആസാദിന് ജാമ്യം അനുവദിച്ചത്. ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.