ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷസാധ്യത സ്ഥലങ്ങൾ സന്ദർശിക്കാൻ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണാടകയിലുള്ള ആസാദ്, ഡല്‍ഹി സന്ദര്‍ശിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ട് ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് താന്‍ രാജ്യതലസ്ഥാനത്തേക്ക് പോവുകയാണെന്ന് ആസാദ് ട്വീറ്റ് ചെയ്‌തത്. കത്തിന് മറുപടി ലഭിക്കും മുമ്പേയാണ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് പോയിരിക്കുന്നത്. ഡല്‍ഹിയിലെ അവസ്ഥ സങ്കീര്‍ണമാണ്. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് അക്രമങ്ങള്‍ നടക്കുന്നത്. ഇതില്‍ സുപ്രീംകോടതി ഇടപെടണമെന്നും ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്‍റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
സമാന ആവശ്യങ്ങള്‍ ഇന്നലെ ഗവര്‍ണര്‍ക്ക് അയച്ച കത്തിലും ചന്ദ്രശേഖര്‍ പരാമര്‍ശിച്ചിരുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുള്ള മുസ്ലീങ്ങളുടെയും, പട്ടികജാതി വിഭാഗക്കാരുടെയും അവസ്ഥയില്‍ എനിക്ക് ആശങ്കയുണ്ട്. അതിനാല്‍ സംഘര്‍ഷബാധക മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും, തനിക്ക് സുരക്ഷ നല്‍കാനും ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നാണ് ചന്ദ്രശേഖര്‍ ഗവര്‍ണറോട് കത്ത് മുഖാന്തരം അഭ്യര്‍ഥിച്ചത്. എന്നാല്‍ ഈ കത്തിന് മറുപടി ലഭിക്കും മുമ്പേയാണ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് പോയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് രാജ്യതലസ്ഥാനത്ത് തെരുവുയുദ്ധം നടക്കുന്നത്. അക്രമത്തില്‍ പൊലീസുകാരൻ ഉള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ജാഫ്രാബാദ്, മോജ്‌പുര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നീ മേഖലകളിലാണ് രൂക്ഷമായ സംഘര്‍ഷം അരങ്ങേറുന്നത്. മൗജ്‌പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ആക്രമിക്കപ്പെട്ടുവെന്നാണ് ഡല്‍ഹിയില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.