ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ ആസാദിനെ ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കോടതിയില്‍ ഹാജരാക്കിയ ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തിരുന്നു. ചന്ദ്രശേഖര്‍ പുറത്തിറങ്ങിയാല്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും സമാധാനം നിലനിര്‍ത്താന്‍ ചന്ദ്രശേഖറിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്‌ക്കണമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ മറ്റ് 15 പേരെയും കോടതി രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വെള്ളിയാഴ്‌ചയാണ് ജമാ മസ്‌ജിദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം നടന്നത്. പൊലീസിന്‍റെ അനുമതിയില്ലാതെയാണ് പ്രതിഷേധം നടത്തിയത്. പിന്നാലെ ജന്ദര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തിയ സംഘത്തെ പൊലീസ് തടഞ്ഞതോടെ മേഖല സംഘര്‍ഷഭരിതമായി. നിരവധി സമരക്കാര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിരുന്നു.