ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക എന്നിവക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദ്, സ്വാമി അഗ്നിവേശ്, ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ ചെയർപേഴ്‌സൺ വാജാത്ത് ഹബീബുള്ള എന്നിവര്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ പൗരത്വ പട്ടികയുടെ പരസ്യപ്രഖ്യാപനമാണ് പൗരത്വഭേദഗതി നിയമമെന്നും മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്കയച്ച് മുഖ്യധാരയില്‍ നിന്നും ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച വഴിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
2019ലെ പൗരത്വഭേദഗതി നിയമം ഏകപക്ഷീയവും യുക്തിരഹിതവും വിവേകശൂന്യവുമാണ്. 1955ലെ പൗരത്വനിയമത്തിന്‍റെ ലക്ഷ്യങ്ങളുമായി ഈ നിയമഭേദഗതിക്ക് യാതൊരു ബന്ധവുമില്ല. 1955ലെ നിയമം മതാടിസ്ഥാനത്തിലായിരുന്നില്ല പൗരത്വം കല്‍പിച്ചിരുന്നത്. ഭേദഗതി ചെയ്‌ത പൗരത്വനിയമം മതാടിസ്ഥാനത്തില്‍ വർഗീകരണം സൃഷ്‌ടിക്കുന്നു. അതുവഴി ഭരണഘടനയുടെ അടിസ്ഥാനഘടന ലംഘിക്കുന്നു. ചില പ്രത്യേക മതങ്ങളില്‍പ്പെട്ടവരെ മാത്രമാണ് നിയമഭേദഗതി ഉൾകൊള്ളുന്നത്. ഹിന്ദു, ക്രിസ്‌ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധമതക്കാരെ ഭേദഗതി നിയമത്തില്‍ ഉൾപ്പെടുത്തുമ്പോൾ മുസ്ലീങ്ങളെ ഒഴിവാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട 130ലധികം ഹര്‍ജികൾ സുപ്രീം കോടതി ബുധനാഴ്‌ച പരിഗണിച്ചിരുന്നു. നാലാഴ്‌ചക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.