ഭുവനേശ്വർ: കൊവിഡ്, മലേറിയ തുടങ്ങിയ രോഗങ്ങൾക്കെതിരെ 10 തരം വാക്‌സിനുകൾ ഒഡീഷയിൽ പുതിയതായി തുടങ്ങാനിരിക്കുന്ന യൂണിറ്റിൽ നിർമിക്കാനൊരുങ്ങി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡ്. ഒഡീഷ ചീഫ് സെക്രട്ടറി എ.കെ. ത്രിപാഠിയും മറ്റ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്.
ഭുവനേശ്വറിലെ അന്ധാരുവയിലുള്ള യൂണിറ്റിൽ മലേറിയ, കൊവിഡ് തുടങ്ങിയ രോഗങ്ങൾക്കെതിരെ 10 തരം വാക്സിനുകൾ കമ്പനി ഉത്പാദിപ്പിക്കുമെന്നും ആകെ നിക്ഷേപം 300 കോടി രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു. അന്ധാരുവയിലുള്ള യൂണിറ്റിന് വേണ്ട എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും നിശ്ചിത സമയത്തിനുള്ളിൽ ഉത്പാദനം ആരംഭിക്കാനും ത്രിപാഠി അധികൃതരോട് നിർദ്ദേശിച്ചു .