ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ദേശവ്യാപകമായി ഒരു വെറുപ്പ് ചൈനക്കെതിരെ സൃഷ്ടിക്കുകയും അത് ചൈനീസ് ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കാനുള്ള വ്യാപകമായ ആവശ്യത്തിന് കാരണമാകുകയും ചെയ്തു. കൊവിഡ് പ്രതിസന്ധി ഒരു അവസരമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ 'ആത്മ നിര്‍ഭര്‍ ഭാരത്' പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. ആഭ്യന്തര ഉല്‍പാദന മേഖലയെ പിന്തുണക്കുന്നതിനും നേരിട്ടുള്ള വിദേശ മുതല്‍മുടക്കിലൂടെ ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കുകയെന്ന ചൈനയുടെ അഭിലാഷങ്ങളെ തടയുന്നതിനുമായി വിദേശ മുതല്‍മുടക്കിന്മേല്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടിയായി കനത്ത ഇറക്കുമതി തീരുവ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുവാനും അതുപോലെ റെയില്‍വെ, ബിഎസ്എന്‍എല്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാറുകളില്‍ ചൈന പങ്കെടുക്കുന്നത് തടയുന്നതിനുമായി കേന്ദ്രം തീരുമാനമെടുത്തു. രാജ്യത്തെ ഏഴ് കോടിയോളം വരുന്ന ചെറുകിട വ്യാപാരികളുടെ പ്രതിനിധികളായ ഏതാണ്ട് നാല്‍പ്പതിനായിരത്തോളം വരുന്ന വ്യാപാര അസോസിയേഷനുകളുടെ കൂട്ടായ്‌മ 450 വിഭാഗങ്ങളിലായി ഇന്ത്യയിലേക്ക് എത്തുന്ന 3000 ചൈനീസ് ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു.
2021- ഡിസംബറോട് കൂടി ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒരു ലക്ഷം കോടി രൂപയായി കുറയ്‌ക്കുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നിലവില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ മൂല്യം ഏതാണ്ട് 5.25 ലക്ഷം കോടി രൂപ വരുമെന്നത് തന്നെ നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് എത്രത്തോളം കടന്നു കയറി കഴിഞ്ഞിരിക്കുന്നു ചൈന എന്നുള്ള കാര്യം വെളിവാക്കുന്നു! ചെറിയ കളിപ്പാട്ടങ്ങള്‍ മുതല്‍ ചണ ഉല്‍പന്നങ്ങളും കൂട്ടത്തോടെയുള്ള മരുന്ന് നിര്‍മാണ വസ്തുക്കളും എല്ലാം ചേര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങളുടെ വന്‍ തോതിലുള്ള ഇറക്കുമതി ഇന്ത്യയിലെ ആഭ്യന്തര ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഒരു പാര്‍ലിമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയുടെ ഈ വേളയില്‍ എല്ലാ അര്‍ത്ഥത്തിലും തങ്ങള്‍ പ്രയാസത്തില്‍ അകപ്പെട്ട് കിടക്കുമ്പോള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി മൊത്തത്തില്‍ പെട്ടെന്ന് ബഹിഷ്‌കരിക്കുന്നത് തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്ന് വ്യവസായികള്‍ ഉല്‍കണ്‌ഠപ്പെടുന്നു.
ചൈനയുമായുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധത്തിന്‍റെ 70-ാം വര്‍ഷത്തിലെത്തി നില്‍ക്കുകയാണ് ഇന്ത്യ ഇന്ന്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും പുതിയ അവസരങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിക്കുകയാണെന്നും പറഞ്ഞപ്പോള്‍ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ 60 ശതമാനത്തിന്‍റെ കുറവായിരുന്നു ഇന്ത്യ നേരിട്ടു കൊണ്ടിരുന്നത്.
പിന്നീട് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയുടെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആവശ്യപ്പെട്ടത് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആവശ്യങ്ങളെ ഇന്ത്യ നിയന്ത്രിക്കണമെന്നാണ്. ചൈനയില്‍ നിന്ന് വരുന്ന വിലകുറഞ്ഞ ഉല്‍പന്നങ്ങള്‍ ഇന്ത്യക്ക് പൂര്‍ണ്ണമായും ഒഴിവാക്കാനാവില്ല എന്നുള്ള കാര്യം ഉറപ്പുണ്ട് അവര്‍ക്ക്. ചെറുകിട-ഇടത്തരം വ്യാപാരികളുടെ കൂട്ടായ്മയായ സംഘടന പറയുന്നത് നമ്മള്‍ ചൈനയെ പൂര്‍ണമായും തള്ളി കളഞ്ഞാല്‍ രാസവസ്തുക്കളും ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും ഒക്കെ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളെ സാരമായി ബാധിക്കുമെന്നും ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 20 മുതല്‍ 40 ശതമാനം വരെ കൂടുതല്‍ വില കൊടുത്ത് ഇറക്കുമതി ചെയ്യേണ്ടി വരുമെന്നുമാണ്. ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 14 ശതമാനവും ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വെറും രണ്ട് ശതമാനവുമാണെന്ന വസ്തുത ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു! 1990 വരെ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ (എപിഐ) നിര്‍മാണത്തില്‍ മുന്നില്‍ നിന്നിരുന്ന ഇന്ത്യ ഇന്ന് ചൈനയില്‍ നിന്നും 80 ശതമാനം ഇറക്കുമതി ചെയ്യുന്നു. എപിഐ ഇറക്കുമതി നിര്‍ത്തി വെക്കുന്നത് മരുന്ന് നിര്‍മാണ വ്യവസായത്തെ ബാധിക്കുമെന്ന് മാത്രമല്ല, മരുന്ന് വിലകള്‍ 40 ശതമാനം വരെ വര്‍ധിക്കുവാന്‍ കാരണമാവുകയും ചെയ്യുമെന്ന് ഈ മേഖലയിലെ വിദഗ്‌ധര്‍ പറയുന്നു. ലോക വ്യാപാര സംഘടനയുടെ നിബന്ധനകള്‍ പ്രകാരം മറ്റ് രാജ്യങ്ങള്‍ക്കും തുല്യമായ തീരുവകള്‍ നല്‍കണമെന്നതിനാലും അവിടങ്ങളില്‍ എല്ലാം ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിലയാണെന്നതിനാലും ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഒഴിവാക്കുകയെന്നത് പ്രയാസകരം തന്നെയാണ്. ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമൊക്കെയുള്ള ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാന്‍ ചൈന നടത്തിയ ശ്രമങ്ങള്‍ തന്നെ പരാജയപ്പെടുകയാണുണ്ടായത് എന്നത് ചരിത്രം വ്യക്തമാക്കുന്നു. ഇറക്കുമതി ക്രമേണ കുറച്ച് കൊണ്ടു വരുവാനുള്ള ദീര്‍ഘകാല പദ്ധതിയാണ് വേണ്ടത് എന്നും മറിച്ച് തിരക്കിട്ട് വൈകാരികമായ തീരുമാനമെടുക്കുകയല്ല വേണ്ടതെന്നും വ്യവസായ വൃത്തങ്ങള്‍ പറയുന്നു. ദീര്‍ഘ വീക്ഷണത്തോടെയുള്ള വിവേക പൂര്‍ണ്ണമായ ഒരു പുരോഗമനത്തിന്‍റെ സമയം ആഗതമായിരിക്കുന്നു.