ന്യൂഡൽഹി: ഹാത്രാസ് സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറാതിരിക്കുകയും കുടുംബാംഗങ്ങളില്ലാതെ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്യുന്നത് ജനങ്ങളിൽ സംശയവും നീരസവും സൃഷ്ടിക്കുന്നുവെന്നും മായാവതി പറഞ്ഞു.
സുപ്രീം കോടതി സ്വമേധയ കേസെടുത്ത് ഉചിതമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം യുപി സർക്കാരിന്‍റെയും പൊലീസിന്‍റെയും ഭാഗത്ത് നിന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല- മായാവതി പറഞ്ഞു.
ബുധനാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹത്രാസ് കൂട്ടബലാത്സംഗത്തിൽ അന്വേഷണം നടത്താൻ മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാത്രാസ് കൂട്ടബലാത്സംഗക്കേസിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി.